പി പി ചെറിയാന്‍
മെസ്‌ക്വിറ്റ് (ഡാളസ്): മെസ്‌ക്വിറ്റിലെ സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് അംഗങ്ങള്‍ തങ്ങളുടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രാദേശിക സമൂഹത്തിന് വലിയൊരു കൈത്താങ്ങായി മാറിയിരിക്കുകയാണ്. ഇടവകയില്‍ നടന്ന 'ഫാമിലി സണ്‍ഡേ' ആഘോഷങ്ങളോടനുബന്ധിച്ച് അംഗങ്ങള്‍ തങ്ങളുടെ ഒരു ദിവസത്തെ വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചു.
സമാഹരിച്ച തുകയുടെ 50 ശതമാനവും പ്രാദേശിക സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും കഷ്ടത അനുഭവിക്കുന്നവരെയും സഹായിക്കാനാണ് വിനിയോഗിച്ചത്. ഇടവകയുടെ ഈ കാരുണ്യസ്പര്‍ശം എത്തിച്ചേര്‍ന്നത് ടൗണ്‍ ഓഫ് സണ്ണിവെയ്ല്‍ പ്രാദേശിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും , സിറ്റി ഓഫ് മെസ്‌ക്വിറ്റ് നഗരപരിധിയിലെ സേവന പ്രവര്‍ത്തനങ്ങള്‍ക്കും , ഷെയറിംഗ് ലൈഫ് നിര്‍ദ്ധനരായ ആളുകളെ സഹായിക്കുന്ന ഈ മൂന്നു പദ്ധതികള്‍ക്കുമാണ.്
സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ ഡിസംബര്‍ 21,28 ഞായറാഴ്ചകളില്‍ വിശുദ്ധ കുര്‍ബാനക്ക് ശേഷം ഇടവക വികാരി റവ റജിന്‍ രാജു അച്ചന്റെ അധ്യക്ഷതയില്‍ സംഘടിപ്പിച്ച ലളിതമായ ചടങ്ങില്‍ സണ്ണിവെയ്ല്‍,മെസ്‌ക്വിറ്റ് സിറ്റികളില്‍ നിന്നും എത്തിച്ചേര്‍ന്ന സിറ്റി മേയര്‍ ,പോലീസ് ഓഫിസര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഔദ്യോഗീക ചുമതലക്കാര്‍ക്ക് സേവന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ചെക്കുകള്‍ ട്രസ്റ്റിമാരായ ജോണ്‍ മാത്യു, സക്കറിയാ തോമസ് എന്നിവര്‍ കൈമാറി.
സഭയുടെ ഈ ഉദ്യമം കഷ്ടത അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്നതിനൊപ്പം, സാമൂഹിക പ്രതിബദ്ധതയുടെ ഉത്തമ ഉദാഹരണമായും മാറി. തങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം മറ്റുള്ളവര്‍ക്കായി നല്‍കാന്‍ തയ്യാറായ എല്ലാ ഇടവകാംഗങ്ങളെയും ഈ അവസരത്തില്‍ സെക്രട്ടറി സോജി സ്‌കറിയാ അഭിനന്ദികുകയും നന്ദി അറിയിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് തോമസ് എബ്രഹാം,സണ്ണിവെയ്ല്‍ ടൌണ്‍ മേയറും സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവകാംഗവുമായ സജി ജോര്‍ജും ചടങ്ങില്‍ പങ്കെടുത്തു.